Integrity Score 120
No Records Found
No Records Found
Proud son
നല്ലെഴുത്ത്
ആ ഒരു കവിൾ വെള്ളത്തിൽ തെളിഞ്ഞു ,
ഒരു മനുഷ്യായുസ്സിന്റെ കർമ്മഫലം....
രാത്രി പത്ത്മണി കഴിഞ്ഞു കാണണം , ഞാനും സഹോദരൻ നാസറും ടെലിവിഷനിൽ ഒരു ഫുട്ബോൾ മൽസരം കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ബാപ്പ ഞങ്ങളോപ്പം ടെലിവിഷന് മുന്നിൽ വന്നിരുന്നത്.
ഇടയ്ക്കെപ്പോഴോ ബാപ്പ ശ്വാസമെടുക്കാൻ പ്രയാസപ്പെടുന്നപോലെ തോന്നി. ഹൃദയം മുമ്പൊരു സൂചന തന്നത് കൊണ്ട് , പെട്ടെന്ന് ആശുപത്രിയിൽ പോകാൻ തീരുമാനിച്ചു. അപ്പോഴേക്കും സഹോദരൻമാർ എല്ലാവരും എത്തി. വീട്ടിലേക്കുള്ള റോഡ് മോശമായത് കൊണ്ട് കസേരയിൽ ഇരുത്തിയാണ് ഞങ്ങൾ ആറു പേരും ഇളയ പെങ്ങളും ചേർന്ന് ഓട്ടോ റിക്ഷ വരുന്നയിടം വരെ എത്തിച്ചത്. കൂടെ വരാൻ ഉമ്മ നിർബന്ധം പിടിച്ചെങ്കിലും രാത്രിയായത് കൊണ്ട് ഉമ്മയെ കൂടെ കൂട്ടിയില്ല...
അഗസ്ത്യൻമുഴിയിൽ തന്നെയുള്ള
സെന്റ് ജോസഫ് ഹോസ്പിറ്റലിൽ നിന്ന് ഇ.സി.ജി.എടുത്തു. "സൈലന്റ് അറ്റാക്ക് " ആണ് നല്ല വേരിയേഷൻ ഉണ്ട് ഇ.സി.ജിയിൽ .
അടിയന്തിരമായി മുമ്പ് ചികിൽസിച്ച കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ എത്തിക്കണം.
പക്ഷേ ആമ്പുലൻസ് ഓമശ്ശേരിയിലെ മറ്റൊരു ഹോസ്പിറ്റലിൽ നിന്ന് വരണം...
പാതിരാത്രിയായി, തുള്ളിക്കൊരുകുടമെന്ന നിലയിൽ മഴ പെയ്യുന്നു.
ബാപ്പ സംസാരിക്കുന്നൊക്കെയുണ്ട്.
ആമ്പുലൻസ് കള്ളൻതോട് കഴിഞ്ഞപ്പോൾ ബാപ്പ വെള്ളം വേണമെന്ന് ആംഗ്യം കാട്ടി.കെട്ടാങ്ങൽ എത്തിയാൽ ഏതെങ്കിലും കട തുറന്നിട്ടുണ്ടാവും അവിടെ നിന്ന് ഒരു ബോട്ടിൽ വാങ്ങാമെന്ന സമാധാനത്തിലായിരുന്നു. കെട്ടാങ്ങൽ അങ്ങാടിയിലും കടകൾ അടഞ്ഞ് കിടക്കുന്നു...
ബാപ്പ സ്ട്രക്ചറിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ ശ്രമിക്കുകയാണ്.
ബാപ്പക്ക് അസ്വസ്ഥത കൂടി വരുന്നുണ്ട്..
വീണ്ടും വീണ്ടും വെള്ളംചോദിച്ചു കൊണ്ടിരിക്കുന്നു.
വല്ലാത്ത ഒരു അവസ്ഥ. ഒമ്പത് മക്കളെ വളർത്തി വലുതാക്കിയ ഒരു മനുഷ്യൻ, ഞങ്ങൾ ആൺ മക്കൾ ആറുപേരും കൂടെയുണ്ട് . ചോദിക്കുന്നത് ഒരിറക്ക് വെള്ളം . എത്തിച്ചു കൊടുക്കാൻ സാധിക്കുന്നില്ല..
ഞങ്ങൾ പരസ്പരം മുഖത്തോടു മുഖം നോക്കി...
എവിടെയെങ്കിലും വാഹനം നിർത്തി ഏതെങ്കിലും ഒരു വീട്ടിൽ നിന്ന് കുറച്ച് വെള്ളം വാങ്ങാമെന്നായി. വാഹനം ചെത്തു കടവ് പാലം കടന്ന് കാണും,
പെട്ടെന്നാണ് എന്റെ കാല് സീറ്റിനടിയിലെ എന്തിലോ തടഞ്ഞത്. നോക്കിയപ്പോൾ ഒരു പ്ലാസ്റ്റിക് കുപ്പിയാണ് , ഞാൻ വേഗം കുനിഞ്ഞ് ആ കുപ്പിയെടുത്തു . കഷ്ടിച്ച് നൂറ് മില്ലി ലിറ്റർ വെള്ളം അതിൽബാക്കിയുണ്ട്.
തൊട്ടു മുമ്പ് ട്രിപ് പോയി തിരിച്ച് വരുമ്പോൾ ആരോ വാഹനം നിർത്തി ഒരു ബോട്ടിൽ വെള്ളം വാങ്ങിയ കാര്യം ആമ്പുലൻസ് ഡ്രൈവർ ഓർമ്മിച്ച് പറഞ്ഞു. പിന്നെയൊന്നും നോക്കിയില്ല. മെല്ലെതലഉയർത്തി മടിയിൽവെച്ച് വെള്ളം ബാപ്പയുടെ വായിലൊഴിച്ച് കൊടുത്തു...
ഒരു കവിൾ കുടിച്ച് ബാപ്പ മതി എന്ന് ആംഗ്യം കാട്ടി...
ചായക്കച്ചവടമായിരുന്നു ബാപ്പയുടെ തൊഴിൽ . ആർക്ക്നേരേയോനീട്ടിയ ഒരിറക്ക് ദാഹജലത്തിന് ദൈവം പകരംതന്നതാവും ആരണ്ട്കവിൾ വെള്ളം.
മനുഷ്യന്റെ കർമ്മഫലങ്ങള ഉള്ളംകൈയിൽ വെച്ചു തരുന്ന അപൂർവനിമിഷങ്ങൾ....
ആമ്പുലൻസ് കുന്ദമംഗലം
എത്തിയപ്പോൾ ബാപ്പ തന്റെ അവസാനശ്വാസമാണെടുക്കുന്നതെന്ന് എനിക്ക് മനസ്സിലായി.ചെറിയ ഒരു സി.പി.ആർ. ശ്രമം നടത്തി നോക്കി വിജയിച്ചില്ല.കാരന്തൂരിൽ എത്തിയപ്പോൾ മെഡിക്കൽ കോളേജിലേക്ക് ഗതി മാറ്റി വിട്ടു. അവിടെ മരണം സ്ഥിരീകരിക്കുക എന്ന കർമ്മമേ ഡോക്ടർക്ക് ചെയ്യാനുണ്ടായിരുന്നുള്ളൂ...
ഉമ്മ ഇപ്പോഴും അന്ന് കൂടെ കൂട്ടാത്തതിന്റെ , അവസാനം ഒരിറക്ക് വെളളം സ്വന്തം കൈ കൊണ്ട് കൊടുക്കാനാവാത്തതിന്റെ സങ്കടം പറഞ്ഞ് കരയും.
ഇന്ന് ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായർ, ലോക പിതൃദിനം .
ഇത് പോലെ ഒരു ജൂൺ പതിനെട്ടിന് കൃത്യം പറഞ്ഞാൽ 2005 ജൂൺ പതിനെട്ടിനായിരുന്നു സ്വന്തം കർമ്മഫലം കൺമുന്നിൽ തെളിയിച്ച് തന്ന് ബാപ്പ ഞങ്ങളെ വിട്ടുപോയത് എന്നത് നമ്മുടെ നിയന്ത്രണത്തിലല്ലാത്ത പ്രപഞ്ചത്തിന്റെ കറക്കങ്ങൾ കൊണ്ടു തന്നെ ഒരു ആകസ്മികത ...
ബാപ്പയുടെ ഓർമ്മദിനത്തിൽ, ഒരിക്കൽ കൂടി എല്ലാവർക്കും പിതൃദിനാശംസകൾ ...
അബ്ദുൾ സലിം . ഇ.കെ.