Integrity Score 100
No Records Found
No Records Found
Nice write up
കേരളത്തിലെ വെള്ളപ്പൊക്കകെടുതി കാണാൻ എത്തിയ കേന്ദ്രമന്ത്രിയുമായി മുഖ്യമന്ത്രി കെ.കരുണാകരൻ ഹെലികോപ്റ്ററിൽ പറന്നത് വെള്ളം കയറിയ കുട്ടനാട് പാടശേഖരത്തിനു മുകളിലൂടെയായിരുന്നു. അവിടവിടെ കാണുന്ന തെങ്ങിൻ തലപ്പുകൾ മാത്രം.ബാക്കിയെല്ലാം വെള്ളത്തിനടിയിൽ. കായലിൽ നിന്നും മുരിക്കൻ കുത്തിയെടുത്ത നീണ്ട പാടമാണെന്നു അറിയാതെ വെള്ളപ്പൊക്ക ദൃശ്യങ്ങൾ കണ്ട
ഉത്തരേന്ത്യക്കാരനായ കേന്ദ്രമന്ത്രിയുടെ കണ്ണിൽ വെള്ളം നിറഞ്ഞു.
പ്രളയ ദുരിതാശ്വാസമായി ലക്ഷക്കണക്കിന് രൂപ അനുവദിച്ചതായി കേന്ദ്രമന്ത്രി പറയുമ്പോൾ ദുഃഖം അഭിനയിച്ചു നിൽക്കുന്ന ലീഡർ പെട്ടെന്നാണ് കെ.എം .റോയിയെ കണ്ടത്. കേരളത്തിന് സാമ്പത്തിക സഹായം കിട്ടാനായി കരുണാകരൻ കാണിച്ച നിരുപദ്രവകരമായ തട്ടിപ്പ് പത്രപ്രവർത്തകനായ കെ.എം .റോയിക്ക് കത്തി. റോയ്ക്ക് പിടികിട്ടിയെന്ന് അതിന് മുൻപേ ലീഡർക്ക് മനസിലായി. കണ്ണോത്ത് കരുണാകരൻ കെ.എം റോയിയെ നോക്കി കണ്ണിറുക്കി കാണിച്ചു. യു എൻ എ വാർത്ത ഏജൻസിയുടെ റിപ്പോർട്ടർ ആയിരുന്ന റോയ് ഒരു വാർത്ത കൊടുത്താൽ ലോകം മുഴുവൻ പിറ്റേദിവസം വെണ്ടയ്ക്കാ നിരത്തുമെന്നു ലീഡർക്ക് അറിയാം. ഉദ്ദേശ ശുദ്ധി അറിയാവുന്ന ആ റിപ്പോർട്ടർ വാർത്ത എഴുതിയില്ല.
രണ്ട് പതിറ്റാണ്ട് കഴിഞ്ഞാണ് ഇക്കാര്യം അദ്ദേഹം ജേർണലിസം ക്ളാസിൽ പങ്ക് വയ്ക്കുന്നത്. ചിലപ്പോൾ എഴുതാത്ത വാർത്തകൾക്കായിരിക്കും കൂടുതൽ സൗന്ദര്യം. ഓരോ വാർത്ത എഴുതുമ്പോഴും കേൾക്കുന്നവർക്ക് എന്ത് പ്രയോജനം കിട്ടുമെന്ന് ആലോചിക്കണം. നാടിന് ദോഷമാണെങ്കിൽ ആ വാർത്ത ബ്രേക്കിങ് ആക്കരുത് എന്നും അദ്ദേഹം പറഞ്ഞു.
ജേർണലിസം ഒഫീഷ്യലായി പഠിക്കാത്ത എനിക്ക് ഇങ്ങനെയുള്ള ട്രെയ്നിങ് ക്ളാസുകളായിരുന്നു വഴികാട്ടി. അങ്ങനെ റോയ് സാറും ഞാനും തമ്മിൽ ഗുരുശിഷ്യ ബന്ധം ഉടലെടുത്തു.
ജേർണലിസ്റ്റുകളുടെ ജീവിതം ബാങ്കുകൾക്ക് വേണ്ടിയാണെന്ന് ഹിന്ദുവിന്റെ റസിഡന്റ് എഡിറ്റർ Varghese K George പറഞ്ഞപ്പോൾ റോയ് സാറിന്റെ ഇരുളും വെളിച്ചവും എന്ന കോളമാണ് ഓർമ്മ വന്നത്. ഹൗസിങ് ലോണിന്റെ ഇ എം ഐ അടച്ചു കഴിയുമ്പോൾ പോക്കറ്റ് കാലിയാകുന്ന സങ്കടം മാറ്റിയത് ഈ കോളമായിരുന്നു. സത്യസന്ധനായ ഒരു സർക്കാർ ഉദ്യോഗസ്ഥൻ വിരമിച്ച ദിവസം അദ്ദേഹത്തിന്റെ വീട്ടിൽ നടന്ന ഒരു രംഗമാണ് ഇരുളും വെളിച്ചത്തിൽ എഴുതിയത്. അതേ പദവിയിൽ നിന്ന് വിരമിച്ച, അൽപ സ്വൽപ്പം കൈക്കൂലിയൊക്കെ വാങ്ങുന്നവർ വലിയ വീടും കാറും സ്വന്തമാക്കിയിരുന്നു. ജീവിതത്തിൽ ഒന്നും നേടാൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം വിങ്ങിയപ്പോൾ ഭാര്യയെ അടുത്തുവിളിച്ചു. എന്നെ കെട്ടിയതോടെ നിന്റെ ജീവിതം കൂടി പരാജയം ആയെന്നു തോന്നുന്നുണ്ടോ എന്ന് ചോദിച്ചു. ഭർത്താവിന്റെ സങ്കടത്തിന്റെ പൊരുൾ പിടികിട്ടിയ ഭാര്യ അടുത്തിരുന്നു. ഏറ്റവും വലിയ സമ്പത്ത് മനഃസമാധാനത്തോടെയുള്ള ജീവിതമാണ്.സംതൃപ്മായ ജീവിതം എനിക്ക് നൽകി. വേറെ ഒന്നും വേണ്ട. ഈ വാക്കുകൾ കേട്ടപ്പോൾ ആ കുടുംബനാഥന്റെയും വായിച്ചപ്പോൾ എന്റെയും കണ്ണ് നിറഞ്ഞു. ശ്രീജയ്ക്ക് വായിച്ചു കൊടുത്തപ്പോൾ തൊണ്ടയിൽ എന്തോ കുരുങ്ങി.
മംഗളത്തിൽ സബ് എഡിറ്റർ ആയി ഞാൻ ജോലിയിൽ പ്രവേശിക്കുമ്പോൾ റോയ് സാർ ജനറൽ എഡിറ്റർ ആണ്. ജേർണലിസ്റ്റ് എന്നൊക്കെ പറഞ്ഞാൽ എന്തൊക്കെയോ ബല്യസംഭവമാണെന്ന് കരുതിയ ട്രെയ്നിയുടെ കുഞ്ചി ഓടിക്കുന്ന ക്ളാസ് ആയിരുന്നു ആ മുതിർന്ന പത്രപ്രവർത്തകൻ ആദ്യം എടുത്തത്. സാധാരണ ജനത്തിന് ഇല്ലാത്ത ഒരു വിശേഷ അധികാരവും ജേര്ണലിസ്റ്റുകൾക്കില്ല. ഭരണ ഘടന ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യം മാത്രമാണ് ഏത് പത്രക്കാരനും ഉള്ളത്.
കോൺസ്റ്റിട്യൂഷൻ ക്ലബിന്റെ മുന്നിൽ നിൽക്കുമ്പോഴാണ് അജിത് ചേട്ടന്റെ വോയ്സ് മെസേജ്കെ എം റോയ് സാർ മരിച്ചു` ഒരു നിമിഷത്തേയ്ക്ക് സ്തംഭിച്ചു പോയി.
വികസന പദ്ധതികളെ എതിർക്കുന്ന സമരക്കാരെ പേന കൊണ്ട് റോയ് സാർ വിരട്ടി ഓടിച്ചിരുന്നു. "എന്റെ വീട് കൊച്ചിൻ ഷിപ്യാർഡിനു വേണ്ടി ഏറ്റെടുത്തതാണ്. നാടിൻറെ വളർച്ചയ്ക്ക് എന്റെ പറമ്പും ഉപകരിച്ചല്ലോ എന്ന് സന്തോഷമേയുള്ളൂ" മാറി ചിന്തിക്കുന്ന,ചിന്തിപ്പിക്കുന്ന ഒരു മനുഷ്യനെയാണ് കണ്ടത്.
പ്രിയ റോയ് സാർ, അങ്ങേയ്ക്ക് യാത്രാമൊഴി..അങ്ങ് കൊളുത്തിയ വാക്കുകൾക്ക്,സ്നേഹ ശാസനകൾക്ക്,വലിയ പാഠങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി...
ആദരാഞ്ജലികൾ...
#KMRoy