Integrity Score 1748
No Records Found
Nice post
ജീവിച്ച കാലം മുഴുവൻ ചെരിപ്പിടാത്ത കാലുകളുമായി വിയർത്തു നടന്ന വിജയൻ്റെ അമ്മ കൊച്ചമ്മുവിന്റെ വാക്കുകളാണ് Women's Equality ദിനത്തിൽ പങ്കുവെക്കാനുള്ളത്. അതിൽ കാലമുണ്ട്, ദേശമുണ്ട്, ചരിത്രമുണ്ട്, രാഷ്ട്രീയമുണ്ട്, വേണ്ടുവോളം വിജയനുമുണ്ട്.
'' മ്മള് കണ്ണിക്കണ്ടതൊക്കെ അധ്വാനിച്ചിട്ട് കൊണ്ടുവന്നിട്ടാണ്. രാത്രി 12 മണിയൊക്കെയാവും ഞാൻ കെടക്കുമ്പോ. ഞാൻ ജോലിക്ക് പൂവ്വും. കുപ്പി, പാട്ട, കടലാസൊക്കെ വേടിക്കാനായിട്ട്. ഞാൻ വീട്ടിലിരുന്നാ ശരിയാവില്ലല്ലോ? അപ്പോപ്പിന്നെ ഇവര്‍ക്ക് എടുക്കാനോ ഇടാനോ ഇല്ലാത്തതു കാരണം മൂത്തവൻ ലോണിനെഴുതി. പശൂന്. പിന്നെ പശൂന്റെ ലോൺ വീട്ടി. അങ്ങനെപ്പിന്നെ ഒരു എരുമനെ കിട്ടി. പാലൊക്കെ കറന്ന് കൊട്ത്ത്, അങ്ങനെ ഇവര്ടെ ഡ്രസ്സോള് കഴിയും. പിന്നെ ചെലവിന് ഞാൻ പണിക്ക് പോവും. ഞങ്ങൾക്ക് അമ്മയ്ക്കും മക്കൾക്കും ജീവിക്കണ്ടേ? പശൂനെ കറക്കലും പാല് കൊണ്ടുപൂവലും കഴുകലും തൊഴുത്തടിക്കലും എല്ലാം കഴിഞ്ഞ് പന്ത്രണ്ടു മണിയാവും പൂവുമ്പോ. എനിക്ക് പതിവ് സ്ഥലങ്ങള്ണ്ട്. നല്ല വല്ല്യ വല്ല്യ വീടോൾല് പതിവ് സ്ഥലങ്ങള്ണ്ട്. അവടന്ന് ഒരു കച്ചോടം കിട്ട്യാ, മുപ്പത് രൂപ മുപ്പത്തഞ്ച് രൂപ ലാഭം കിട്ടും. ആ ലാഭം കിട്ട്യാ, അമ്മയ്ക്കും മക്കൾക്കുള്ള ചെലവ് കഴിഞ്ഞ് തുച്ഛം പിടിക്കാനില്ല. പിറ്റേന്ന് കച്ചോടത്തിന് പൂവാൻ കൈയില്‍ പൈസ വേണ്ടേ? അങ്ങനെയുള്ള ജീവിതാണ്''.
ചെറ്റക്കുടിലിലെ ജീവിതത്തെ കുറിച്ച്.
"തേക്കിൻകാട്ടീന്ന് വരണ വെള്ളൊക്കെ ഇതില്യാ വര്വാ. കൂരയൊക്കെ ഒലിച്ചുപൂവും. വെള്ളം പോയിക്കഴിഞ്ഞിട്ടേ പൂവാൻ പറ്റൂ. ഇങ്കട് കടക്കുമ്പഴും അതേ. മഴ പെയ്ത് വെള്ളം വരുമ്പോ, ഞങ്ങളാ വരമ്പത്ത് നിൽക്കും. മഴ കൊണ്ടിട്ട് നിക്കണം. അന്ന് കൊടയൊന്നും ഇല്ലല്ലോ? കൊട ഇണ്ട്. മ്മക്ക് വേടിക്കാൻ കാശില്ല. മഴകൊണ്ട് നിക്കണം".
സ്കൂളിൽ പോവാനും പഠിക്കാനും മടികാണിച്ച വിജയനെ അമ്മ പക്ഷേ, നാശമാവാൻ വിട്ടില്ല.
'' പിന്നെ എന്തൂട്ടാ ഇവന് പറ്റ്വാ? ഈ പഠിക്കാത്തവന് പിന്നെ എന്തൂട്ട് ജോല്യാ കിട്ട്വാ? പഠിക്കാൻ പൂവാത്തത്, ഇത് കാരണം കൊണ്ടാണ്. പഠിക്കാൻ ഉത്സാഹോല്ല്യ. കളിക്കണം, കളിക്കണം. ആൾക്ക് ഭയങ്കര മടിയാണ്. ഈ കളിയന്നെ, കളിയന്നെ. തുണിപ്പന്ത്മ്മെ കളിച്ച് കളിച്ച്, പിന്നെ പന്ത്മ്മ്ലിക്കായി. ഇവന്റെ കളി കണ്ടപ്പോ ചാത്തുണ്ണിസ്സാറ് ചോദിച്ചു. ഇട്ക്കാനായിട്ട്. അങ്ങനെ ഇട്ത്ത്, തിരുവനന്തപുരത്തിക്ക് കൊണ്ടുപോയി.''
17-ാമത്തെ വയസ്സിലാണ് വിജയന് ശമ്പളം കിട്ടിത്തുടങ്ങുന്നത്.
''അവന് ശമ്പളം കിട്ട്യപ്പൊ പിന്നെ ഒരിത്തിലിക്കും എന്നെ പറഞ്ഞയച്ചിട്ടില്ല.'' കൊച്ചമ്മു അഭിമാനത്തോടെ പറഞ്ഞു. ''അമ്മ പോണ്ടാന്ന് പറയും. അമ്മ ഈ കാലം മുഴുവൻ അധ്വാനിച്ച് നോക്കില്ലെ ഞങ്ങളെ. ഇനി അമ്മ പോണ്ടാന്ന് പറയും. അങ്ങനെയിരുന്നു. പിന്നെ ആ ശമ്പളത്തില്‍ ജീവിച്ചു.''
കളികാണാൻ ടിക്കറ്റെടുക്കാൻ കാശില്ലാതെ സോഡവിറ്റ് നടന്ന വിജയൻ എന്ന പയ്യന്റെ കാലുകൾക്ക് പിന്നീട് ലക്ഷങ്ങളുടെ വിലയുണ്ടായി.
''ടിക്കറ്റ് ഇല്ലാണ്ട് ഗ്രൗണ്ടില്‍ക്ക് പോയാൽ പോലീസാര് പിടിക്കും. അപ്പോ വിജയൻ സോഡേംകൊണ്ട് പൂവും. എന്നുവച്ചാ, കളീടെ ഭ്രമള്ളവനല്ലെ, സോഡ വിൽക്കാൻ കൊണ്ട് പൂവും. ആ സോഡ വിറ്റ് അവിടെ നടന്ന് ആ കളിയൊക്കെ കാണും ''
വിജയൻ വിജയനായപ്പോൾ സമൂഹം പ്രതികരിച്ചത് ഇങ്ങനെ.
''ഞങ്ങളെ കാണുമ്പോ അവര്‍ക്കൊരു ചമ്മല് പോലെണ്ടാവും. അറിവുള്ള നായന്മാർക്കും പട്ടന്മാർക്കും ഒക്കെ. അതൊന്നും ഞങ്ങള്‍ കണ്ട ഭാവം വെക്കില്ല. എന്റെ അമ്മടെ കാലത്തൊക്കെ ജാക്കറ്റ് ഇടാൻ പാടില്ല. അമ്മ മരിക്കണവരെ ഇട്ടിട്ടൂല്യ, ജാക്കറ്റ്. ജാക്കറ്റൊക്കെ തുന്നിക്കൊടുത്തു. ന്നാലും ഇട്ടില്ല. എന്റെ അമ്മേടെ കാലത്ത് ഞങ്ങടെ ജാതിക്കാർക്ക് അമ്പലങ്ങളില്‍ കടക്കാന്‍ പാടില്ല. ഇന്നത്തെക്കാലത്ത് ഏത് അമ്പലങ്ങളിലും പൂവാം. വിധുബാലയില്ലേ, സിനിമേല്ത്തെ? അവരാണ് ഞങ്ങടെ ജന്മി. അവടയൊക്കെ ചെന്നാ നമ്മള് പൊറത്ത് നിൽക്കണം. മിറ്റടിക്കാനും പാത്രം മോറാനൊക്കെ ചെല്ലുമ്പോ, പാത്രം മോറി കമഴ്ത്തിവെച്ച് കൊടുക്കണം. അവര്‍ പിന്നേം വെള്ളൊഴിച്ചിട്ടാ ഇട്ക്ക്വാ. ഇന്ന് അങ്ങനൊന്നൂല്ല്യ. ഇപ്പോ അവ്രൊക്കെ പോയി.'