Integrity Score 120
No Records Found
No Records Found
No Records Found
പ്ലീസ് ... അത് ഒരു അസിസ്റ്റ് പോലെ കണ്ടൂടേ..... "കരിപുണ്ട ജീവിതങ്ങൾ " രണ്ടാം തവണ കാണാൻ മുക്കം പി.സി.യിൽ ചെന്നപ്പോഴാണ് ടിക്കറ്റ് കൗണ്ടറിന്റെ മുന്നിലെ നീണ്ട ക്യൂവിന് ഇടയിൽ പ്രായമായ ഒരാൾ പരവേശത്തോടെ നിലത്ത് കുത്തിയിരിക്കുന്നത് കണ്ടത് ... സൂക്ഷിച്ച് നോക്കുമ്പോൾ ചെറിയ മുഖപരിചയം,ബാപ്പയുടെ ചായക്കടയിലെ സ്ഥിരം സന്ദർശകനാണ്.... . പ്രഷറോ ,ഷുഗറോ എന്തോ ആവണം.എന്തായാലും അയാളെ അവിടെ ഇരുത്തിയിട്ട് പോകുന്നത് ശരിയല്ലെന്ന് അന്ന് യു.പി. സ്കൂളിൽ പഠിക്കുന്ന എനിക്ക് ഒരു വെളിപാടുണ്ടായി... അടുത്തുള്ള പെട്ടിക്കടക്കാരൻ സൗജന്യമായി തന്ന "ഐസ് വാട്ടർ " ചികിൽസയിൽ ആള് ഓ.കെ... കുറച്ച് ദിവസം കഴിഞ്ഞ് വീണ്ടും ചായക്കടയിൽ വെച്ച് മൂപ്പരെ കണ്ടതും അപകടം മണത്ത ഞാൻ മുങ്ങി .... പക്ഷേ രാത്രി വീട്ടിലെത്തിയപ്പോൾ ബാപ്പ വല്യ സീനുണ്ടാെക്കാതെ മെല്ലെ വന്ന് ചോദിച്ചു "സംഗതിയൊക്ക നന്നായി, ഇയ്യെങ്ങനെ മുക്കത്തെ സിൻമാൾല് എത്തി ?" ലോക കപ്പിലെ പോർച്ചുഗൽ ഉറുഗ്വായ് മൽസരത്തിൽ ബ്രൂണോ ഫെർണാണ്ടസിന്റെ ക്രാേസിന് തലവെക്കാൻ ഒന്നരയാൾ പൊക്കത്തിൽ ഉയർന്നു ചാടിയ ക്രിസ്ത്യാനോ റൊണാൾഡോയുടെ തലയിൽ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ പന്ത് ഉറുഗ്വേ വലയിൽ കയറി. ക്രിസ്ത്യാനോയുടെ ആഹ്ലാദ പ്രകടനം കണ്ടാവണം ഗോളിന്റെ ക്രെഡിറ്റ് ആദ്യം ക്രിസ്ത്യാനോയുടെ പേരിലാണ് ഫിഫയുടെ സൈറ്റിൽ പോലും വന്നത്. പക്ഷേ പിന്നീട് തിരുത്തി , സ്കോർ ചെയ്തത് ബ്രൂണോ തന്നെ എന്ന് ഔദ്യോഗിക വിശദീകരണം വന്നു... ക്രിസ്ത്യാനോയുടെ പേരിനൊപ്പം ഈ അടുത്ത കാലത്തുയർന്ന് ഉയർന്ന് വന്ന വിവാദങ്ങളാവണം സ്പോർട്സ് ഗ്രൂപ്പുകൾ നിറയെ ചൂടുള്ള ചർച്ച ആ "അർഹതയില്ലാത്ത " ഗോളിനെക്കുറിച്ചായിരുന്നു. ഒപ്പം ട്രോൾ പെരുമഴയും. മുക്കത്തെ "മൈക്കോ " യുടെ വായനശാലയിൽ പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പുറത്ത് കടന്ന് വിടിന് കുറച്ചകലെയുളള ഞങ്ങളുടെ തന്നെ പറമ്പിൽ നിന്ന് "പറങ്കിയണ്ടി" (ഇവിടെ പോർച്ചുഗീസുകാർക്ക് കടപ്പാട് കിടക്കട്ടെ) പെറുക്കി സഞ്ചിയിലാക്കി കൊണ്ടുപോയി വിറ്റ് സിനിമ കാണാൻ പോയ എന്നെപ്പോലെ അവിടെ അപ്രതീക്ഷിതമായി എത്തിയതല്ല അഞ്ച് ലോകകപ്പിൽ ഗോൾ നേടിയ ക്രിസ്ത്യാനോ റൊണാൾഡോ. കട്ടപ്പാടം സെവൻസിലെ പെനാൽട്ടി ഷൂട്ടൗട്ട് കാണാൻ മുന്നിൽ കയറി നിന്നവന്റെ തലയിലുസി പോസ്റ്റിൽ കയറിയതല്ല ആ ഗോൾ ... ആ ക്രോസ് പ്രതീക്ഷിച്ച് അസാമാന്യ വേഗതയിൽ കുതിച്ചെത്തി സി.ആർ. സെവൻ അസാധ്യമായി ഉയർന്ന് ചാടിയത് തന്നെയാണ് ഉറുഗ്വേ ഗോളിയെ ആശയക്കുഴപ്പത്തിലാക്കയതും പന്ത് വലയിലെത്തിച്ചതും... ഫുട്ബോൾ ഇവരുടെയൊക്കെ തൊഴിലാണ് , അവരെ ഓരോരോ ജോലിയേൽപ്പിച്ച് തന്നെയാണ് പരിശീലകർ കളത്തിലിറക്കുന്നത് , കാൽമുട്ടിലിടിച്ച് തെറിച്ചും പൃഷ്ഠത്തിലുരഞ്ഞും മുടിയിലുരസിയുമൊക്കെ പന്ത് വലയിലെത്തും , സെക്കന്റിന്റ നൂറിലൊരംശം കൊണ്ട് ആ പന്ത് എത്തുന്ന സ്ഥലത്ത് എത്താനുള്ള ഉൾവിളിയാണ് അവരെ നമ്മളിൽ നിന്ന് വ്യത്യസ്ത രാക്കുന്നത് . സ്ഥിതിവിവരക്കണക്കുകളുടെ ബാഹുല്യം കൊണ്ട് ഫുട്ബോൾ ആസ്വാദനവും ക്രിക്കറ്റ് പോലെ ഒരൽപ്പം ദുർഗ്രഹമായിത്തുടങ്ങിയത് വർത്തമാന കാലത്തെ പുതിയ കാഴ്ചകളാണ്. ഗോളടിച്ചത് പോലെ തന്നെ അവസാനവര കടത്താൻ പന്തെത്തിച്ചത് അസിസ്റ്റുകളായി ആഘോഷിക്കപ്പെടുന്ന ഇക്കാലത്ത് ഒരു അസിസ്റ്റിന്റെ പരിഗണനയെങ്കിലും മൽസരഫലം മാറ്റിമറിച്ച ക്രിസ്ത്യാനോയുടെ ഗോളിന് നൽകിക്കൂടേ? ഞാൻ ചെയ്തത് നല്ല കാര്യമാണെന്ന് ഒരു തോന്നലുണ്ടാക്കിയ ശേഷമാണ് ബാപ്പ പോലും എന്നെ "ട്രോളാനാനിറങ്ങിയത് " ... അബ്ദുൾസലിം.ഇ.കെ.