Integrity Score 120
No Records Found
No Records Found
No Records Found
ആ ചെറുപ്പക്കാരന്റ അൽഭുതത്തോടെയുള്ള നോട്ടം ഇപ്പോഴും എന്റെ മനസ്സിലുണ്ട്...
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലെ ഐ.എം.വിജയന്റെ പ്രസിദ്ധമായ ബൈസിക്കിൾ കിക്ക് ഓർമ്മയില്ലേ ?
1995 ൽ നടന്ന സിസേർസ് കപ്പ് ഫൈനലിൽ മലേഷ്യൻ ക്ലബ്ബ് പെർലിസ് എഫ് .എ യ്ക്ക് എതിരെ നേടിയ ഗോൾ . ആ ടൂർണമെന്റ് നടക്കുമ്പോൾ ഞാൻ കോഴിക്കോട് ജില്ലാ ആംഡ് റിസർവിൽ ജോലി ചെയ്യുകയാണ്. ഉദ്ഘാടന മൽസരം നടക്കുന്ന ദിവസം എനിക്ക് കിട്ടിയ ഡ്യൂട്ടി കിഴക്കേ ഗ്യാലറിയിലേക്ക് പ്രവേശിക്കുന്ന ഗേറ്റിന് മുന്നിൽ തിരക്ക് നിയന്ത്രിക്കലാണ്. തിരക്കൊന്നൊഴിഞ്ഞാൽ സ്റ്റേഡിയത്തിനകത്ത് കയറി സ്വസ്ഥമായി കളി കാണാമെന്ന ചിന്തയിൽ ചോദിച്ചു വാങ്ങിയതാണ്.
ഇടയ്ക്ക് ആളുകൾ ബഹളമുണ്ടാക്കുന്നത് കേട്ടാണ് ഗേറ്റിന് കുറച്ചകലേക്ക് ഞാൻചെന്നത് .
കണ്ട കാഴ്ച അത്ര സുഖമുള്ളതായിരുന്നില്ല. ഒരു വിദ്വാൻ സ്റ്റേഡിയത്തിന്റെ മതിൽ കെട്ടിനോട് ചേർന്ന ഇലട്രിക് പോസ്റ്റിലൂടെ അള്ളിപിടിച്ച് കയറി ഗ്യാലറിയിലേക്ക് പ്രവേശിക്കാനുള്ള ശ്രമത്തിലാണ്.
അപകടകരമായ വിധം ഇലട്രിക് ലൈനുകൾ താഴ്ന്ന് കിടക്കുന്നതിനിടയിലൂടെയുള്ള ഈ മതിൽ ചാട്ടം ഒരു "ആത്മഹത്യാ ശ്രമ"മാണെന്നത് കൊണ്ടാണ് ആളുകൾ ബഹളം വെക്കുന്നത്. എന്നെക്കണ്ടതും ആൾ ചാടിയിറങ്ങി. എന്നിലെ "ക്രമസമാധാനപാലകൻ"
ഉണർന്നു.
അനധികൃതമായി സ്റ്റേഡിയത്തിൽ പ്രവേശിക്കാനുള്ള ശ്രമം, അതും അപകടകരമായ മാർഗ്ഗത്തിലൂടെ ...
ഇത്തരം അനിഷ്ട സംഭവങ്ങളുണ്ടായാൽ സ്റ്റേഡിയത്തിനകത്ത് തന്നെ പ്രവർത്തിക്കുന്ന താൽക്കാലിക പോലീസ് കൺട്രോൾ റൂമിൽ റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശമുണ്ട്.
ഓടിപ്പോകാതിരിക്കാൻ ഞാനയാളുടെ കോളറിൽ തന്നെ പിടികൂടി...
കൺട്രോൾ റൂമിൽ ഉന്നത ഉദ്യോഗസ്ഥരുണ്ട് , അവർക്ക് മുന്നിലെത്തിക്കണം. സ്റ്റേഡിയത്തിനകത്ത് കൂടെ തെക്കേ ഗ്യാലറിക്ക് ചേർന്ന് ഞങ്ങൾ ആ തിരക്കിനിടയിലൂടെ "കള്ളനും പോലീസും
കളിച്ച് " നടന്ന് പോകുകയാണ്.
പാതി ദൂരംചെന്നപ്പോൾ അയാൾ എന്റെ മുഖത്ത് നോക്കി ദയനീയമായി പറഞ്ഞു. "സർ ഉച്ച മുതൽ ടിക്കറ്റിനായി ക്യൂ നിൽക്കുകയായിരുന്നു , കൗണ്ടറിനടുത്തെത്താറായപ്പോൾ ആൾക്കാർ ഇടിച്ചു കയറി ബഹളമായി, പോലീസ് ലാത്തിവീശി ഓടിച്ചു , പിന്നെ ടിക്കറ്റ് കിട്ടിയതുമില്ല, അങ്ങനെ ചെയ്ത് പോയതാണ് ".
രാവിലെ ആദ്യ വണ്ടിക്ക് നാട്ടിൽനിന്ന് കോഴിക്കോട്ടേക്ക് കയറി, ജലപാനം പോലുമില്ലാതെ പൊരി വെയിലിൽ ഫുട്ബോൾ മൽസരങ്ങൾ കാണാൻ ടിക്കറ്റിന് ക്യൂ നിൽക്കുന്ന പതിനായിരങ്ങളിലൊരാളായി അറിയാതെ ഞാനും മാറിപ്പോയി....
ഞാനയാളുടെ കോളറിൽ നിന്ന് പിടിവിട്ടു...
തെക്കേ ഗ്യാലറി നിറഞ്ഞു വരുന്നതേ ഉള്ളൂ , ഞാൻ ഒഴിഞ്ഞ ഭാഗം ചൂണ്ടിക്കാണിച്ച് അയാളോട് അവിടെ പോയിരുന്ന് കളികണ്ടു കൊള്ളാൻ പറഞ്ഞു..
എനിക്കപ്പോൾ അങ്ങനെ ചെയ്യാനാണ് തോന്നിയത്..
അൽഭുതത്തോടെ തൊഴുകൈകളോടെ ആ ചെറുപ്പക്കാരൻ എന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നത് ഇപ്പോഴും ഓർമ്മ വരുന്നു...
ഇന്ന് മുപ്പത് വയസ്സ് പൂർത്തിയായ ഔദ്യോഗിക ജീവിതത്തിലെ നാല് കൊല്ലം നീണ്ട "പോലീസ് പർവ്വത്തിൽ " വീണ്ടുമോർക്കാൻ ആഗ്രഹിക്കുന്ന അപൂർവ്വ നിമിഷങ്ങളിലൊന്നാണ് മുകളിൽ പറഞ്ഞത്.
ഇന്ന് വീണ്ടുമൊരു ജനുവരി ഒന്ന്. 1993 ലെ ആ ജനുവരി ഒന്ന് വെള്ളിയാഴ്ച വീണ്ടും മനസ്സിലെത്തുന്നു....
"ആ സ്ഥാനത്ത് നമ്മളായിരുന്നെങ്കിലോ ? " എന്നൊരു നിമിഷം ഓർത്തു നോക്കിയാൽ തീരാവുന്നതേ ഉള്ളൂ പല പ്രശ്നങ്ങളും എന്ന് എന്നെ ഓർമ്മിപ്പിച്ച ആ ചെറുപ്പക്കാരനെ സ്മരിച്ച് കൊണ്ട്
എല്ലാവർക്കും നന്മ നിറഞ്ഞ പുതുവൽസരം ആശംസിക്കുന്നു.
അബ്ദുൾസലിം.ഇ.കെ.