Integrity Score 120
No Records Found
No Records Found
No Records Found
"പൊര മര്യാദക്ക് ഒന്ന് തട്ടി അടിക്കാൻ കയ്യിണില്ല ,ആ കാണ്ന്ന കപ്പൊക്കെക്കൂടി കൊയ്ഞ്ഞ് ചാടും. " വർഷങ്ങൾക്ക് മുമ്പ് ഒരു കളിക്ക് സിദ്ദീഖിനെ ക്ഷണിക്കാൻ ചെന്നപ്പോൾ വീട്ടിലെ ചുവരിന് മുകളിൽ നിരത്തി വെച്ച പലതരം ട്രോഫികൾ ചൂണ്ടിക്കാട്ടി സിദ്ദീഖിന്റെ ഉമ്മ "പരാതി"പറഞ്ഞത് ഓർമ്മ വരുന്നു.
സംഗതി നേരാണ്.നാട്ടിൽ നടക്കുന്ന ഏത് സെവൻസ് ടൂർണമെന്റുകൾ കഴിഞ്ഞാലും ബെസ്റ്റ് പ്ലയർ, ടോപ് സ്കോറർ, ടൂർണമെന്റിലെ ബെസ്റ്റ് ഗോൾ, ഭാവി താരം തുടങ്ങി ഒട്ടുമിക്ക ട്രോഫികളും ഷോകെയ്സ് ഒന്നു പോലുമില്ലാത്ത ചേന്ദമംഗലൂരിലുള്ള സിദ്ദീഖിന്റെ ചേനാംകുന്നത്ത് വീട്ടിലേക്കാണെത്തുന്നത്...
മൂന്ന് പതിറ്റാണ്ടിനു മേൽ പഴക്കമുണ്ട് സിദ്ദീഖുമായുള്ള സൗഹൃദത്തിന് .
"സിദ്ദീഖിന്റെ ഭാഷയിൽ പറഞ്ഞാൽ പന്ത് കളിയിൽ നിന്നും വല്ലതും തടഞ്ഞ് തുടങ്ങിയത് അഗസ്ത്യൻമുഴിക്കാരുടെ കൈയിൽ നിന്നാണ് ".
സെവൻസ് ഫിക്സ്ചർ കൈയിൽ കിട്ടിയാൽ ആദ്യം അന്വേഷിക്കുക, ചേന്ദമംഗലൂർ ടീമുണ്ടോ ടൂർണമെന്റിൽ എന്നാണ്. ഇല്ലെങ്കിൽ സിദ്ദീഖ് ഗസ്റ്റ് ആയി ഞങ്ങളുടെ ടീമിലിറങ്ങും.
ഞങ്ങളുടെ ലോക്കൽ സെവൻസ് വിട്ട്
സിദ്ദീഖ് അഖിലേന്ത്യാ സെവൻസിലെ
മിന്നും താരമായിരുന്നു പിന്നീട് ദീർഘകാലം.
ദൂരദേശത്ത് പോലും തങ്ങളുടെ ടീമിന്റെ കളിയുണ്ടെന്നറിഞ്ഞാൽ കൊട്ടും കുരവയുമായി ഗ്യാലറിയിലെത്തുന്ന
ബ്രസീൽ ചേന്ദമംഗലൂരിന്റെ
ആരാധകർക്ക് മുന്നിൽ കേരളത്തിലെ നിരവധി മൈതാനങ്ങളിൽ സിദ്ദീഖ് നിറഞ്ഞാടി.
കോഴിക്കോട് ജില്ലാ ടീമിലും അക്കാലത്ത്
സ്ഥിരസാന്നിധ്യമായിരുന്ന സിദ്ദീഖ്,
ഒരു തവണ കേരളാ സന്തോഷ് ട്രോഫി കോച്ചിംഗ് ക്യാമ്പിലേക്കുള്ള ലിസ്റ്റിലും ഇടം പിടിച്ചിരുന്നു. കേരളാ ഫുട്ബോളിൽ പ്രതിഭകളുടെ ധാരാളിത്തമുണ്ടായിരുന്ന അക്കാലത്ത് ഒരു കേരളാ ജഴ്സി സിദ്ദീഖിന് അപ്രാപ്യമായത് നിർഭാഗ്യം കൊണ്ട് . കാലു കൊണ്ടുള്ള കളിയിൽ സിദ്ദീഖിന്റെ ഏഴയലത്ത് വരാത്തവർക്ക് വരെ ഫുട്ബോൾ ഒരുസ്ഥിരവരുമാനമുള്ള തൊഴിലു നൽകിയപ്പോൾ സിദ്ദീഖിന് കിട്ടിയത് കുറെ കയ്യടികളും എണ്ണമറ്റ ട്രോഫികളും മാത്രം. കുറെ കാലം ഗൾഫിൽ പ്രവാസിയായ കാലത്തും സിദ്ദീഖ് കളിയിൽ സജീവമായിരുന്നു...
കഴിഞ്ഞയാഴ്ച മകളുടെ വിവാഹത്തിന് തലേന്ന് , അന്ന് ടീമിൽഒരുമിച്ച് കളിച്ചിരുന്ന വിജയൻ നടുത്തൊടികയിലിനൊപ്പം സിദ്ദീഖിന്റെ വീട്ടിലെത്തിയപ്പോൾ ആദ്യം ശ്രദ്ധിച്ചത് നിരത്തി വച്ചട്രോഫികൾ തന്നെ...
കുറെപുതിയ ട്രോഫികൾ ....
സിദ്ദീഖ് വെറ്ററൻസ് ടൂർണമെന്റുകളിൽ കളിക്കാൻ തുടങ്ങിയിട്ടുണ്ട്.
ഉപ്പ ഒരു കാലത്ത് ഞങ്ങളൊക്കെ ആരാധിച്ചിരുന്ന സൂപ്പർ താരമായിരുന്നെന്ന് കല്യാണപ്പെണ്ണിനോട് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങുമ്പോൾ സിദ്ദീഖിന്റെ ഭാര്യയുടെയും മക്കളുടെയും കണ്ണിൽ കണ്ട തിളക്കം തന്നെയല്ലേ ലോകകപ്പ് നേടിയ മെസ്സിയുടെയുടെ ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും കണ്ണിൽ കണ്ടത് ?
കളികൾ എത്ര ചെറുതോ വലുതോ ആകട്ടെ കളിക്കാരൻ എന്ന നിലയിൽ എന്ത് നേടി എന്നതിനൊപ്പം പ്രസക്തമാണ് കളി കണ്ടവരുടെ മനസ്സിൽ അയാൾ നേടിയ സ്ഥാനവും ....
സന്തോഷം ,പ്രിയ സിദ്ദീഖ് നീ ഓർത്തുവെച്ച ഫുട്ബോൾ സൗഹൃദങ്ങളിൽ ഞാനും വിജയനുമൊക്ക ഉണ്ടെന്നതിൽ !
അബ്ദുൾ സലിം . ഇ കെ