Integrity Score 1410
No Records Found
No Records Found
No Records Found
മലപ്പുറം Vs കൊച്ചി
മലപ്പുറം എഫ്സിക്ക് ജയിച്ചേ തീരൂ. ഫോഴ്സ കൊച്ചിക്ക് ഒരു കടം വീട്ടാനുണ്ട്. മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിൽ ഇന്ന് (ഒക്ടോബർ 9) ആവേശകരമായ കാൽപന്തങ്കം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വൈകീട്ട് 7.30 ന് കിക്കോഫ്.
അഞ്ച് കളിയിൽ അഞ്ച് പോയൻ്റുമായി ടേബിളിൽ സെമി ഫൈനൽ യോഗ്യതയുടെ പുറത്ത് നിൽക്കുന്ന മലപ്പുറം വിജയത്തിൽ കുറഞ്ഞ ഒന്നുകൊണ്ടും ഇന്ന് തൃപ്തരാവില്ല. സ്വന്തം തട്ടകത്തിൽ ഇതുവരെ ഒരു ജയം നേടാൻ കഴിഞ്ഞിട്ടില്ല എന്ന സങ്കടവും അവരെ വേട്ടയാടുന്നു. നായകൻ അനസ് എടത്തൊടിക ഉൾപ്പടെ പ്രധാനപ്പെട്ട അഞ്ച് കളിക്കാർ പരിക്കിനെ തുടർന്ന് പുറത്തായതും ടീമിനെ ക്ഷീണിപ്പിച്ചു.
ബിദ്യാനന്ദ സിംഗ്, നോങ്ദമ്പ സിംഗ് എന്നിവരെ പുതുതായി ടീമിലെത്തിച്ച് പ്രതിസന്ധി മറികടക്കാനുള്ള തയ്യാറെടുപ്പിലാണ് ഇംഗ്ലീഷ് കോച്ച് ജോൺ ഗ്രിഗറി പരിശീലിപ്പിക്കുന്ന മലപ്പുറം. കഴിഞ്ഞ മത്സരത്തിൽ കൊമ്പൻസിനെതിരെ ഗോൾ നേടി സ്പാനിഷ് താരം അലക്സിസ് സാഞ്ചസ് ഫോമിലേക്ക് ഉയർന്നതും ആതിഥേയർക്ക് കരുത്ത് പകരുന്നു. ഗ്യാലറി നിറക്കുന്ന ആരാധകപ്പട അൾട്രാസിനെ സാക്ഷി നിർത്തി സ്വന്തം ഗ്രൗണ്ടിൽ ആദ്യ ജയം കുറിക്കാനും അതിലൂടെ ലീഗിൻ്റെ രണ്ടാം പാതിയിൽ മികച്ച പ്രകടനത്തിന് തുടക്കമിടാനുമാണ് മലപ്പുറത്തിൻ്റെ പ്ലാൻ.
കടം വീട്ടാൻ കൊച്ചി
ലീഗിൻ്റെ ഉദ്ഘാടന മത്സരത്തിൽ സ്വന്തം ഗ്രൗണ്ടിൽ മലപ്പുറം എഫ്സിയോട് രണ്ട് ഗോളിൻ്റെ തോൽവി വഴങ്ങിയതിൻ്റെ ക്ഷീണം ഫോഴ്സ കൊച്ചിക്ക് ഇനിയും മാറിയിട്ടില്ല. അതിന് പകരം ചോദിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് ഇന്ന് പയ്യനാട് ഗ്രൗണ്ടിൽ ബൂട്ടുകെട്ടുമ്പോൾ പൃഥ്വിരാജിൻ്റെ ടീമിന്. അഞ്ച് കളിയിൽ എട്ട് പോയൻ്റുള്ള കൊച്ചിക്ക് ഇന്ന് ജയിക്കാൻ കഴിഞ്ഞാൽ ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് ഉയരാം.
ലീഗിൽ കൊമ്പൻസ് എഫ്സി, തൃശൂർ മാജിക് എഫ്സി എന്നിവരെയാണ് കൊച്ചി തോൽപ്പിച്ചിട്ടുള്ളത്. നായകനും ആഫ്രിക്കൻ താരവുമായ മുഹമ്മദ് നിദാൽ, രാഹുൽ കെ പി, ബ്രസീലുകാരൻ ഡോറിയൽട്ടൻ ഗോമസ് എന്നിവരെല്ലാം കഴിഞ്ഞ മത്സരങ്ങളിൽ ഗോൾ നേടി ഫോമിലേക്ക് ഉയർന്നു. കൂടാതെ ഗോൾ കീപ്പർ ഹജ്മലിൻ്റെ തകർപ്പൻ സേവുകളും കൊച്ചിക്കാരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.
ലൈവ്
മത്സരം തത്സമയം സ്റ്റാർ സ്പോർട്സിലും(ഫസ്റ്റ്) ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും ലഭിക്കും. ഗൾഫ് മേഖലയിൽ ഉള്ളവർക്ക് മനോരമ മാക്സിൽ ലൈവ് സ്ട്രീമിംഗ് കാണാം.